
പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിലെ പ്രതി അമീറുൾ ഇസ്‌ലാം ജയിൽ മാറ്റം ആവശ്യപ്പെട്ട് നൽകിയ ഹർജി നാല് മാസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി അപ്പീൽ നൽകിയത് .വിചാരണ കോടതി നൽകിയ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.
ജസ്റ്റിസ് മാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. വധശിക്ഷയ്ക്ക് എതിരെ അമീറുൾ ഇസ്‌ലാം നൽകിയ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.ഈ അപ്പീലിൽ തീരുമാനം ഉണ്ടാക്കുന്നത് വരെ ജയിൽ മാറ്റം സംബന്ധിച്ച ഹർജിയിൽ തീരുമാനം എടുക്കരുത് എന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചാണ് കോടതി കേസ് മാറ്റിയത്. കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രൻ നാഥ്, സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി.അതെസമയം അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റ ഹർജി ഫയൽ ചെയ്ത അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നതായി സുപ്രീം കോടതിയെ അറിയിച്ചു അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് വക്കാലത്ത് ഒഴിഞ്ഞത്. വധശിക്ഷയ്ക്കെതിരെ അമറുൾ ഇസ്ലാമിനായി മറ്റൊരു സംഘടന ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്.