കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം. പ്രധാന ഡ്രഗ് ഡീലറായ സജീറുമായി പരിചയമുണ്ടെന്ന് നടന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പൊലീസ് കണ്ടെത്തി. ഷൈന്‍ ലഹരി ഇടപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.
സജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്റെ വാദം. എന്നാല്‍ ഇടപാടുകളുടെ രേഖകള്‍ പൊലീസ് കാണിച്ചതോടെ നടന് പ്രതിരോധത്തിലായി. വലിയ തുകകളാണ് സജീറിന് താരം നല്‍കിയത്. പല തവണയായി സജീറിന് പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാട്സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസില്‍ നിര്‍ണായകമായത്.
നടനെതിരെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യഥാക്രമം എന്‍ഡിപിഎസ് ആക്ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.