കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി പോര് മുറുകുന്നതിനിടെ പ്രതികരണവുമായി കെ മുരളീധരൻ രംഗത്ത്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് ഇനിയും സമയമുണ്ടെന്നും ഇപ്പോഴേ ആലോചിച്ച് ആരും തല പുകയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് 24 മണിക്കൂർ കൊണ്ട് തീരേണ്ട കാര്യമല്ല. ജൂൺ 4-ന് വോട്ടെണ്ണൽ കഴിഞ്ഞ ശേഷം എന്ത് അഭിപ്രായമുണ്ടെങ്കിലും ഹൈക്കമാൻഡ് പ്രതിനിധികളോട് പറയാം. എ.ഐ.സി.സി അധ്യക്ഷനെ കാണാൻ ആർക്കും അവകാശമുണ്ട്. എന്നാൽ കാര്യങ്ങൾ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. തന്റെ അഭിപ്രായം വോട്ടെണ്ണലിന് ശേഷം മാത്രമേ പറയൂവെന്നും മുരളീധരൻ വ്യക്തമാക്കി.

അടുത്ത പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കേണ്ട ചുമതല സി.പി.ഐ.എമ്മിനാണ്. കോൺഗ്രസ് രണ്ട് ടേം പ്രതിപക്ഷത്തിരുന്നു കഴിഞ്ഞു. ഇനി എൽ.ഡി.എഫിന്റെ ഊഴമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് വല്ലതും പറയേണ്ടി വരുമെന്ന് പേടിച്ചാണോ മുഖ്യമന്ത്രി ബംഗാളിൽ പ്രചാരണത്തിന് പോകാത്തതെന്ന് മുരളീധരൻ ചോദിച്ചു. അവിടെ തമിഴ്‌നാട്ടിലേതുപോലെ കോൺഗ്രസുമായി സഖ്യമില്ലാത്ത സ്ഥിതിക്ക് പിണറായിക്ക് പോകാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *