കോഴിക്കോട്: നഗരമധ്യത്തിലെ പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വന്‍തീപിടിത്തത്തില്‍ വിദഗ്ധ സമിതി ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. തീപിടിത്തത്തില്‍ 75 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേര്‍ന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും മേയര്‍ അറിയിച്ചു.
സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഗ്‌നിശമന സേന എത്താന്‍ വൈകിയോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ ആരംഭിച്ച തീപിടിത്തം അഞ്ച് മണിക്കൂര്‍ പരിശ്രമിച്ചാണ് നിയന്ത്രണവിധേയമാക്കാനായത്.