സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് നിലമ്പൂരില്‍ നിന്ന് തനിക്ക് ലഭിച്ചുവരുന്നത്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം ആശങ്ക തീരെയില്ലെന്നും എം സ്വരാജ് പറഞ്ഞു. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 202-ാം ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നാണ് തനിക്ക് ജനങ്ങളോട് പറയാനുള്ളതെന്ന് എം സ്വരാജ് പറഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്തു എന്നത് പിന്നീട് വരുന്ന കാര്യമാണ്. തിരഞ്ഞെടുപ്പില്‍ 100 ശതമാനം ആളുകളും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥ പൂര്‍ണമാകുന്നത്. ഞാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതിനാല്‍ വോട്ട് എനിക്ക് ചെയ്യണമെന്ന് സ്വാഭാവികമായും പറയുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. സാമൂഹ്യവ്യവസ്ഥയില്‍ വോട്ട് എല്ലാവരും രേഖപ്പെടുത്തുക എന്നത് പ്രധാനമാണ്. നല്ല ആത്മവിശ്വാസമുണ്ടെന്നും അത് വ്യക്തിപരം മാത്രമല്ലെന്നും ഈ നാട് തനിക്കും പാര്‍ട്ടിക്കും നല്‍കുന്ന ആത്മവിശ്വാസം കൂടിയാണെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *