വീറും വാശിയും നിറഞ്ഞ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. 74.02 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഒടുവിലത്തെ കണക്ക്. അന്തിമകണക്ക് അല്‍പസമയത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടും. നിലമ്പൂരിന്റെ പുതിയ MLA ആരെന്ന് തിങ്കളാഴ്ചയറിയാം.

ജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പ്രതികരിച്ചു. വോട്ടിംഗ് ശതമാനം ഉയര്‍ന്നത് വിജയപ്രതീക്ഷ കുറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തന്ന വലിയ സ്വീകര്യത വോട്ടായി മാറും. പോളിംഗ് ഉയര്‍ന്നാല്‍ യുഡിഫിന് അനുകൂലം എന്നതൊന്നും ശരിയല്ല. ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഉയരും. വോട്ടിംഗ് ശതമാനം ഉയര്‍ന്നത് നന്നായി. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം – സ്വരാജ് പറഞ്ഞു.

തികഞ്ഞ ആത്മവിശ്വാസമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. യുഡിഎഫ് വോട്ടുകള്‍ അരിച്ചു പെറുക്കി പെട്ടിയിലാക്കി. എല്ലാ പഞ്ചായത്തിലും ലീഡ് ചെയ്യും. ഇതിനകം ജയം ഉറപ്പിച്ചു.
സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം ഒരു ആശങ്കയും ഉണ്ടാക്കിയിട്ടില്ല. വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും നിലമ്പൂര്‍ ചെവി കൊടുത്തില്ല. ലീഗാണ് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. പി വി അന്‍വറിനെ മുന്‍പ് പിന്തുണച്ചവര്‍ ഇക്കുറി പിന്തുണയ്ക്കുന്നില്ല. അന്‍വറിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അദ്ദേഹം തന്നെ ഇതിനകം തീരുമാനിച്ചിട്ടുണ്ടാകും – ഷൗക്കത്ത് പറഞ്ഞു.

വിജയം സുനിശ്ചിതമെന്നും പോളിംഗ് ശതമാനം കൂടിയത് തനിക്ക് അനുകൂലമെന്നും പി വി അന്‍വര്‍ പറഞ്ഞു. പിണറായിസത്തിന് എതിരായ വിധിഎഴുതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *