ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ, രാജിയുമായി ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആര്‍ ശ്രീകുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി. ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന് കാണിച്ചാണ് കത്തയച്ചത്. തന്റെ ചോരക്കായി പലരും ഈ ഒരു വര്‍ഷക്കാലമായി ദാഹിക്കുന്നുവെന്ന് എ ആര്‍ ശ്രീകുമാര്‍ രാജിക്കത്തില്‍ പറയുന്നു. ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മതിലകം പോലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു.

എ ആര്‍ ശ്രീകുമാറിനെതിരെ ഭാര്യ പ്രിയങ്ക ഈ മാസം ഒമ്പതിനാണ് തന്നെ മര്‍ദിച്ചു എന്ന് കാണിച്ച് മതിലകം പോലീസില്‍ പരാതി നല്‍കുന്നത്. സ്വന്തം വീട്ടില്‍ പോയ താന്‍ മടങ്ങിയെത്താന്‍ വൈകി എന്ന് ആരോപിച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നുമായിരുന്നു പ്രിയങ്ക ശ്രീകുമാറിനെതിരെ പോലീസില്‍ നല്‍കിയ പരാതി. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മതിലകം പോലീസ് സംഭവത്തില്‍ കേസെടുത്തെങ്കിലും ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടിയതോടെ കേസ് പരിഗണിക്കും വരെ കോടതി താല്‍ക്കാലികമായി അറസ്റ്റ് തടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *