തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ റാഗിങ്ങും അക്രമങ്ങളും തടയുന്നതിനായി ‘സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സിദ്ധാർത്ഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് നടപ്പിലാക്കുമെന്നും ബജറ്റിൽ അദ്ദേഹം പ്രഖ്യാപിച്ചു.
ഇതിന് പുറമെ വിദ്യാഭ്യാസ രംഗത്തും ഭരണരംഗത്തും വലിയ അഴിച്ചുപണികൾക്കാണ് ബജറ്റ് വഴിയൊരുക്കുന്നത്. അക്കാദമിക് വിഷയങ്ങളിലെ അമിത രാഷ്ട്രീയ ഇടപെടൽ പൂർണ്ണമായും ഒഴിവാക്കാൻ പ്രത്യേക അക്കാദമിക് കൗൺസിൽ രൂപീകരിക്കും. വിദ്യാർത്ഥികളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി എല്ലാ കോളേജുകളിലും ഓംബുട്സ്മാൻ സംവിധാനം കൊണ്ടുവരും. ബിരുദധാരികൾക്ക് പഠനത്തിന് ശേഷം വേഗത്തിൽ തൊഴിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ‘ബ്രിഡ്ജ് പ്രോഗ്രാമുകളും’ പ്രത്യേക കോഴ്സുകളും ആരംഭിക്കും. സാങ്കേതിക വിദ്യാഭ്യാസത്തിനായി 232.1 കോടി രൂപയും ജവഹർലാൽ നെഹ്റു സയന്റിഫിക് സിറ്റി സ്ഥാപിക്കുന്നതിനായി 10 കോടി രൂപയും വകയിരുത്തി.
കേരള സെക്രട്ടറിയേറ്റിന്റെ പ്രവർത്തനം രാജ്യത്തെ ഏറ്റവും മികച്ചതാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഫയൽ നീക്കങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥരുടെ തട്ടുകൾ കുറയ്ക്കുന്നതടക്കമുള്ള വിപ്ലവകരമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കും. ഉദ്യോഗസ്ഥരുടെ പ്രകടനം കൃത്യമായി വിലയിരുത്തി സേവനങ്ങൾ കുറ്റമറ്റതാക്കും. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് സർക്കാർ വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കും. പരാതികൾ രഹസ്യമായി അറിയിക്കാൻ ടോൾ ഫ്രീ ഹെൽപ്‌ലൈനും പ്രത്യേക പോർട്ടലും സജ്ജമാക്കും. മയക്കുമരുന്ന് മാഫിയയെ തളയ്ക്കാൻ ANTF, DANSAF, SOG എന്നീ പോലീസ് സംവിധാനങ്ങൾ വിപുലീകരിക്കും. കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ വനിതകളെ സ്റ്റേഷൻ ഓഫീസർമാരായി നിയമിക്കും.
