ന്യൂ ഡൽഹി: ടെലഗ്രാം നിരോധനം ശരിവച്ച് ഡൽഹി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജി തള്ളി. നിരോധനം 22വരെ തുടരും. കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ചാണെന്ന് കോടതി ചൂണ്ടിക്കാട്ടി. താൽക്കാലിക നിരോധനത്തിന് കേന്ദ്രം ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചു.
ജസ്റ്റിസ് തേജസ് കരിയ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 69A-യിലെ നടപടിക്രമം പാലിച്ചിട്ടുണ്ട്. അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്രം ഉന്നയിച്ച കാരണങ്ങൾ പര്യാപ്തമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാരിൻ്റെ നടപടികൾ ഏറ്റവും ചെറിയ നിയന്ത്രണങ്ങളാണെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്. കേട്ടു കേൾവി ഇല്ലാത്ത നടപടിയാണ് സർക്കാരിൻ്റേതെന്ന് ടെലഗ്രാം കോടതിയിൽ വാദിച്ചു. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി.
ഇന്നലെ ടെലഗ്രാമിനെതിരെ കേന്ദ്രസർക്കാർ ശക്തമായ വാദങ്ങൾ ഉന്നയിച്ചിരുന്നു. നടപടി ഏകപക്ഷീയമാണെന്നും കമ്പനിയെ കേൾക്കാതെയാണ് നിരോധനം എന്നുമായിരുന്നു ടെലഗ്രാം വാദിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്‌ഫോമാണ്ട് ടെലഗ്രാം എന്ന് കേന്ദ്രം വാദിച്ചിരുന്നു.
