വാഷിങ്ടണ്‍ : യു എസിന്റെ 47ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും. വാഷിങ്ടണ്‍ ഡിസിയിലെ ക്യാപിറ്റോളില്‍ ഇന്ത്യന്‍ സമയം 10:30 നാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുക. ട്രംപിന്റെ രണ്ടാം വരവിനായി വാഷിങ്ടണില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാല്‍ ചടങ്ങ് പൂര്‍ണമായും ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലായിരിക്കും ചടങ്ങ് നടക്കുക. സ്ഥാനാരോഹണത്തിന് ശേഷമുള്ള പരേഡും ഹാളില്‍ തന്നെയായിരിക്കും. കാപ്പിറ്റോള്‍ വണ്‍ അറീനയാണ് പരേഡ് വേദി.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഉള്‍പ്പെടെ ലോക നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ പങ്കെടുത്തേക്കും . ഇരുവരും ട്രംപ് ഒരുക്കിയ വിരുന്നിലും പങ്കെടുത്തിരുന്നു. മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് , ബരാക് ഒബാമ എന്നിവരും ഹിലരി ക്ലിന്റണ്‍, കമല ഹാരിസ് തുടങ്ങിയവരും വ്യവസായ പ്രമുഖരായ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്മാന്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ എന്നിവരും ചടങ്ങിന്റെ ഭാഗമാകും. ഇവരോടപ്പം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൌസിലേക്ക് ട്രംപിനെ ക്ഷണിച്ച ശേഷം അധികാരച്ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞതവണ ബൈഡന്‍ പ്രസിഡന്റായപ്പോള്‍ സ്ഥാനാരോഹണചടങ്ങില്‍ ട്രംപ് പങ്കെടുത്തിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *