മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന സി ബി ഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് ‘സിബിഐ 5 ദി ബ്രെയിൻ’. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സേതുരാമയ്യർ അഞ്ചാം വരവിനൊരുങ്ങുമ്പോൾ പ്രേക്ഷകർ വലിയ ആവേശത്തിലാണ്. ഇപ്പോഴിതാ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചു കൊണ്ട് പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ . ആദ്യ നാല് ഭാഗങ്ങളിൽ സേതുരാമയ്യർ അന്വേഷിച്ച കേസുകളുടെ പത്ര വാർത്തകളാണ് പോസ്റ്ററിന്റെ പശ്ചാത്തലത്തിലുള്ളത്.
1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെ സിബിഐ സീരീസ് ആരംഭിച്ചു . തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.
സിബിഐ അഞ്ചിൽ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
