രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വട്ട പൂജ്യമാണെന്ന് കെ മുരളീധരൻ. ഒരിക്കലും നടക്കാത്ത കെ റെയിലാണോ പിണറായി സർക്കാരിന്റെ നേട്ടമെന്നും മുരളീധരന്റെ പരിഹാസം.

നിർമാണത്തിനിടെ കഴിഞ്ഞ ദിവസം തകർന്ന കൂളിമാട് പാലാമാണ്‌ യഥാർത്ഥത്തിൽ പഞ്ചവടി പാലമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുരളീധരൻ പറഞ്ഞു. ജാക്കിയുടെ പ്രശ്നമായാലും ബീമുകള്‍ തകര്‍ന്നത് ഗൗരവകരമാണ്. പാലാരിവട്ടത്തേക്കാള്‍ ഭീകരമാണിത്. കൂളിമാട് പാലത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തിരിക്കുന്നതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

കോൺഗ്രസിൽ കുറച്ച് മാലിന്യങ്ങളുണ്ട് അവരാണ് മറുകണ്ടം ചാടിയത് അവര്‍ സ്വയം പുറത്ത് പോയാല്‍ കോണ്‍ഗ്രസ് ശുദ്ധീകരിക്കുമെന്നാണ് എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്റെ എല്‍ഡിഎഫ് പ്രവേശനത്തിൽ മുരളീധരന്‍ അഭിപ്രായം പ്രകടിപ്പിച്ചത്. പല സന്ദര്‍ഭങ്ങളിലായി ഇനിയും ചിലര്‍ പാര്‍ട്ടി വിടാനുണ്ട്. അത് ഞങ്ങളുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സിപിഐഎമ്മില്‍ നിന്നും ശക്തമായ അടിയൊഴിക്കുണ്ടാവും. തുടര്‍ഭരണത്തിന്റെ പേരില്‍ ഇങ്ങനെ കളിക്കാന്‍ തോന്നിയാല്‍ ബംഗാളും ത്രിപുരയുമെല്ലാം ഓര്‍ക്കുന്നത് നല്ലതാണെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *