തിരുവനന്തപുരം: പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മഞ്ഞക്കുറ്റികൾ മാറ്റാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി. സിൽവർ ലൈൻ സമരത്തിലെ കേസുകൾ റദ്ദാക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിക്ക് ശുപാർശ ചെയ്യുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കും.
ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കണം, മഞ്ഞക്കുറ്റികൾ മാറ്റണം, കേസുകൾ റദ്ദാക്കണം, അറസ്റ്റിലായവർക്ക് നഷ്‌ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി നിവേദനം നൽകിയിരുന്നു.
പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു സിൽവർലൈൻ (കെ-റെയിൽ) പദ്ധതി. കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് യാത്രാസമയം നാലു മണിക്കൂറായി ചുരുക്കാൻ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത അർധ-അതിവേഗ റെയിൽവേ പദ്ധതിയായിരുന്നു ഇത്. 529.45 കിലോമീറ്ററാണ് പദ്ധതിക്കായുള്ള പാത നിശ്ചയിച്ചിരുന്നത്.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും യാത്രക്കാർക്ക് യാത്ര വേഗത്തിലാക്കാനും കഴിയുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു.
