കൊല്ലം അഞ്ചൽ ഏരൂരിനടുത്ത് ദൃശ്യം സിനിമയുടെ മോഡലിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തിയ പ്രദേശത്ത് പൊലീസ് തെളിവെടുപ്പ് തുടരുന്നു. സംഭവ സ്ഥലത്ത് കുഴിയെടുത്ത് പരിശോധിച്ചപ്പോൾ എല്ലിൻ കഷ്‌ണവും ഒരു ചാക്കും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതില്‍വീട്ടില്‍ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെടുത്തത്. ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തതിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്. മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിന്‍ കഷ്ണണങ്ങളുമാണ് പോലീസും ഫോറന്‍സിക് വിദഗദ്ധരും പുറത്തെടുത്തത്.
ഫോറൻസിക് വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. പ്രതികളായ സജിനെയും അമ്മയെയും രാവിലെ പത്ത് മണിയോടെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു.
ഷാജിയും സഹോദരനായ സജിനും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ സജിൻ ഷാജിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മൊഴി. ഇതേ തുടർന്ന് ഷാജിയുടെ മൃതദേഹം വീട്ടിലെ പറമ്പിൽ കിണറിനോട് ചേർന്ന് കുഴിച്ചിടുകയായിരുന്നു. ഷാജിയെ കാണാനില്ലെന്നാണ് കുടുംബം നാട്ടുകാരോടെല്ലാം പറഞ്ഞിരുന്നത്.

എന്നാൽ ഷാജിയെ ആസൂത്രിതമായി കൊന്നതല്ലെന്നാണ് സജിൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.സംഭവത്തില്‍ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരന്‍ സജിനും അമ്മ പൊന്നമ്മയും അറസ്റ്റിലായിരുന്നു. ഇരുവരും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്. 2018-ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

ഭാര്യയെയും അമ്മയയെയും ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പറ്റിയ കൈയബദ്ധം മാത്രമായിരുന്നു ഇത്. സ്ത്രീകളെ ആക്രമിക്കുന്നതിൽ നിന്ന് ഷാജിയെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു മർദ്ദന ലക്ഷ്യമെന്നും കസ്റ്റഡിയിലുളള സജിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മരിച്ച ഷാജി വീട്ടിൽ സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നെന്നും സജിൻ പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *