കോഴിക്കോട്: നിപ ബാധിതനായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കും. വിവിധ ഘട്ടങ്ങളിലായിട്ടാകും സാപിളുകള്‍ എടുക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുടേത് ആദ്യവും ലക്ഷണങ്ങളില്ലാത്തവരുടേത് ഇതിനുശേഷവും എടുത്ത് പരിശോധിക്കും. പരിശോധനയ്ക്കായി കേരളത്തിലെ സംവിധാനങ്ങള്‍ കൂടാതെ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മൊബൈല്‍ ലാബ് കൂടി സംസ്ഥാനത്ത് എത്തിച്ചേരുമെന്ന് മന്ത്രി അറിയിച്ചു.