കോഴിക്കോട് :തനിക്ക് ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നേരിട്ടു എന്നുള്ള മൊഴിയിൽ ഉറച്ച് ഷിംജിത. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിതയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം, ദീപകിൻ്റെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.

കഴിഞ്ഞ തിങ്കളാഴ്‌ച തന്നെ ഷിംജിതയിൽ നിന്നും പ്രാഥമികമായി മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് തന്നെ ഷിംജിതയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണിൽ നിന്നും വിവാദമായ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. കൂടുതൽ വ്യക്തതയ്ക്ക് വേണ്ടിയാണ് പൊലീസ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
അതേസമയം, ഷിംജിത നേരത്തെ നൽകിയിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. എന്നാൽ ഷിംജിത കസ്റ്റഡിയിൽ ആയിരിക്കുന്നതിനാൽ ആ അപേക്ഷ പരിഗണിക്കാതെ വിടാനുള്ള സാധ്യതയുമുണ്ട്. നിലവിൽ ഷിംജിത പുതിയൊരു ജാമ്യ ഹർജി കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്‌. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാൻഡ് ചെയ്‌തു. ദീപകിന്റെ കുടുംബത്തിന്റെ്റെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ദീപക്കിന്റെ സുഹൃത്തിൻ്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *