ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിന് സമീപം പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറിയിൽ എട്ട് മരണം. 16 പേർക്ക് പരിക്കേറ്റു. ഇവരെ കാഞ്ചീപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് പേരുടെ ആരോഗ്യനില ഗുരുതരമാണ്. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.

കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്ന് ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടം നടക്കുമ്പോൾ പടക്ക നിർമാണശാലയിൽ 25 പേരെങ്കിലും ജോലി ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉണക്കാനായി പുറത്ത് സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ചാണ് അപകടം ഉണ്ടായത്. തീ പടർന്നതോടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്കും തീ വ്യാപിച്ചു.

പൊട്ടിത്തെറിയുണ്ടായതോടെ തൊഴിലാളികൾ ഗോഡൗണിൽ കുടുങ്ങി. 25 അഗ്നിശമന സേനാംഗങ്ങൾ 30 മിനിറ്റോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരിച്ചവരിൽ ഗജേന്ദ്രൻ, ഭൂപതി, വിജയ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു.

രാവിലെ 11 മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരിൽ മുന്ന് സ്ത്രീകൾ ഉൾപ്പെടുന്നുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ട് പേരെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലും ഒരാളെ ചെന്നൈ കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *