പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും അച്ഛനും അമ്മയും ആകുന്ന സന്തോഷ വാര്‍ത്ത പ്രിയങ്ക ചോപ്ര തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത് കഴിഞ്ഞ ദിവസമാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് പ്രിയങ്ക അമ്മയായത്. തങ്ങള്‍ വളരെ അധികം സന്തോഷത്തിലാണ് എന്നും, സ്വകാര്യത അനുവദിയ്ക്കണം എന്നു പ്രിയങ്ക സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയ്ക്ക് എതിരെ വ്യാപകമായ വിമര്‍ശങ്ങള്‍ ഉയരുകയാണ് ട്വിറ്ററില്‍.

വാടക ഗര്‍ഭധാരണം എന്ന ആശയത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്. ‘റെഡിമെയ്ഡ്’ കുട്ടികളോട് അമ്മമാര്‍ക്ക് എന്ത് വികാരമാണ് ഉണ്ടാകുകയെന്നും തസ്ലീമ കുറിച്ചു.

പാവപ്പെട്ട സ്ത്രീകള്‍ ഉള്ളത് കൊണ്ടാണ് വാടക ഗര്‍ഭ ധാരണം സാധ്യാകുന്നത്. പണക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി എപ്പോഴും സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങള്‍ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാര്‍ത്ഥതയാണ്-തസ്ലീമ നസ്രിന്‍ ട്വീറ്റ് ചെയ്തു.

‘ഈ റെഡിമെയ്ഡ് കുഞ്ഞിനോട് എന്ത് വികാരമാണ് ഈ അമ്മമാര്‍ക്ക് തോന്നുക. കുഞ്ഞിന് ജന്‍മം നല്‍കിയ അമ്മയുടെ അതേ വികാരങ്ങള്‍ ആ കുഞ്ഞിനോട് അവര്‍ക്കുണ്ടാവുമോ,’ തസ്ലീമ നസ്രിന്‍ മറ്റൊരു ട്വീറ്റില്‍ ചോദിച്ചു.തസ്ലീമയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്വീറ്റുകളാണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *