തിരുവനന്തപുരം: കഠിനംകുളം ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയെന്ന് പ്രതിയുടെ മൊഴി. കൊലപാതകത്തിന് ശേഷം ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോണ്‍സന്റെ മൊഴിയില്‍ പറയുന്നു.

അതിക്രൂരമായിട്ടാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍സന്റെ മൊഴിയില്‍ നിന്നും വ്യക്തമാണ്. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും പ്രതി പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സന്‍ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ധരിച്ചിരുന്ന ഷര്‍ട്ടില്‍ രക്തം പുരണ്ടതിനെ തുടര്‍ന്ന് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. ആതിരയുടെ സ്‌കൂട്ടറെടുത്തതിന് ശേഷം ചിറയിന്‍കീഴ് റെയില്‍വെസ്റ്റേഷനിലെത്തിയ പ്രതി ട്രയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയത്.

മജിസ്‌ട്രേറ്റ് ജോണ്‍സന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കല്‍. കുറിച്ചിയില്‍ ഇയാള്‍ ഹോം നേഴ്‌സായി ജോലി ചെയ്ത വീട്ടില്‍ നിന്നുമാണ് ചിങ്ങവനം പൊലീസ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈ വീട്ടിലെ യുവതിയാണ് ജോണ്‍സനെ തിരിച്ചറിഞ്ഞ് പഞ്ചായത്തംഗത്തെ വിവരം അറിയിച്ചത്. പെട്ടെന്ന് വീട്ടിലെത്തി ബാഗുമായി കടന്നുകളയാന്‍ ശ്രമിച്ച ജോണ്‍സനെ തന്ത്രപൂര്‍വം പിടിച്ചുനിര്‍ത്തിയാണ് കോട്ടയം ചിങ്ങവനത്തെ രേഷ്മയും കുടുംബവും പൊലീസിനെ വിളിച്ചുവരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *