വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേയ്ക്ക് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. സായ് വര്‍ഷിത് കണ്ടൂല(19) ആണ് സുരക്ഷാ ജീവനക്കാരുടെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് രാവിലെയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

വൈറ്റ് ഹൈസിലെ ലാഫൈറ്റി സ്‌ക്വയര്‍ ഗേറ്റിന് സമീപമുള്ള സുരക്ഷാ ബാരിക്കേഡുകളിലേയ്ക്ക് ഇയാള്‍ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാടയ്‌ക്കെടുത്ത ട്രക്കുമായി വന്ന് ഇയാള്‍ ബോധപൂര്‍വം അക്രമം നടത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചു. സംഭവത്തിന് ശേഷം നാസി പതാക കൈയിലേന്തിയ ഇയാള്‍ പ്രഡിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയും വധിക്കുമെന്നും അമേരിക്കന്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നുമെല്ലാം ഉറക്കെ ആക്രോശിച്ചു.

പ്രസിഡന്റിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. “അധികാരം പിടിച്ചെടുക്കുക, പ്രസിഡന്റിനെ വധിക്കുക” എന്നീ ലക്ഷ്യങ്ങളാണ് തനിക്കുള്ളതെന്ന് അക്രമി പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. കണ്ടൂലയുടെ മാനസിക നില പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *