സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടി ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. നിയമനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി. പശ്ചിമ ബംഗാളിലെ സമാനമായ ഉദ്യോഗസ്ഥ നിയമനത്തെച്ചൊല്ലി കോൺഗ്രസ് ഉയർത്തിയ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയുടെ ‘ഇരട്ടത്താപ്പ്’ പരസ്യമായി ചോദ്യം ചെയ്യുന്നത്.

പ്രതിപക്ഷത്തിന്റെ കടുത്ത രാഷ്ട്രീയ ആയുധമാക്കലിനിടയിലും, ഡോ. രത്തൻ ഖേൽക്കർ അവധിദിനമായ ഇന്ന് തന്നെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അടിയന്തരമായി ഓഫീസ് ചുമതലകൾ കൈമാറിയത് എന്നാണ് സൂചന. യുഡിഎഫ് അധികാരമേറ്റതിന് പിന്നാലെ നടന്ന ഈ തന്ത്രപ്രധാന നിയമനം വരുംദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിലും ദേശീയതലത്തിലും വലിയ ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പായി.

പശ്ചിമ ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് കുമാർ അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കിയ ബിജെപി സർക്കാരിന്റെ നടപടിയെ ‘വോട്ടുചോരണത്തിനുള്ള പ്രതിഫലം’ എന്ന് വിളിച്ച് രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. ഈ പ്രസ്താവന ആയുധമാക്കിയാണ് ബിജെപി ഇപ്പോൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്.

രാഹുൽ ഗാന്ധിയുടെ തരംതാണ രാഷ്ട്രീയ കാപട്യമാണ് കേരളത്തിലെ നിയമനത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അമിത് മാളവ്യ എക്സിൽ കുറിച്ചു. പശ്ചിമ ബംഗാളിൽ നിയമങ്ങൾ കൃത്യമായി പാലിച്ച് ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനെയാണ് നിയമിച്ചതെങ്കിൽ, കേരളത്തിൽ സീനിയോറിറ്റി മാനദണ്ഡങ്ങൾ പോലും കാറ്റിൽപ്പറത്തിയാണ് 2003 ബാച്ച് ഐഎഎസ് ഓഫീസറായ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണം കൈയാളുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ധാർമ്മികത ബാധകമല്ലേ എന്നും ബിജെപി ചോദിക്കുന്നു.

“ബിജെപി ചെയ്താൽ വോട്ടുചോരിക്കുള്ള സമ്മാനം, വി.ഡി. സതീശൻ ചെയ്താൽ ജനാധിപത്യത്തിന്റെ സൗന്ദര്യമോ?” എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *