യുഡിഎഫ് വിപുലീകരിക്കണമെന്ന് കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിലെ രാഷ്ട്രീയ പ്രമേയം. വി കെ ശ്രീകണ്ഠന്‍ എംപിയാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണമെന്നു ചിന്തന്‍ ശിബിരം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നിവരുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രമേയം. അതേസമയം, യുഡിഎഫിലേക്ക് തിരിച്ചുവരേണ്ട സാഹചര്യമില്ലെന്ന് എല്‍ജെഡി വ്യക്തമാക്കി.

ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ കോണ്‍ഗ്രസാണ്. അതില്‍ ഊന്നി പ്രചാരണം വേണമെന്നും ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണം. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നു കയറാന്‍ ഉള്ള ബിജെപി ശ്രമത്തിന് തടയിടണമെന്നും രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു. മത തീവ്രവാദ സ്വഭാവമുള്ള ആരുമായും കൂട്ടുചേരരുത്. അത്തരക്കാരുമായി ഒരു യോജിപ്പും പാടില്ല. ട്വന്റി 20 ഉള്‍പ്പെടെയുള്ള അരാഷ്ട്രീയ കക്ഷികളുമായി കൂട്ടുകെട്ട് വേണ്ടെന്നും പ്രമേയം നിര്‍ദേശിക്കുന്നു.

ഇടതുപക്ഷത്തിന്റെ അസ്വസ്ഥത മുതലെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തരാണ്. ഇടതുമുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് വിപുലീകരിക്കണമെന്നും ചിന്തന്‍ ശിബിറില്‍ ആവശ്യമുയര്‍ന്നു.

യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠന്‍ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം ചിന്തന്‍ ശിബിരത്തില്‍ നേതാക്കള്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. പാര്‍ട്ടി സ്‌കൂള്‍ , നിയോജകമണ്ഡലം തലത്തില്‍ രാഷ്ട്രീയകാര്യ സമിതി മാതൃകയില്‍ കമ്മിറ്റികള്‍, ഒരു മാസത്തിനുള്ളില്‍ പുനസംഘടന എന്നിവ എം കെ രാഘവന്‍ എംപി അവതരിപ്പിച്ച സംഘടന പ്രമേയത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *