കൊച്ചി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി. ദീപ്തി മേരി വർഗീസിനെ ഒഴിവാക്കിയതിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തി. ഡെപ്യൂട്ടി മേയർ പദവിയിൽ കൂടിയാലോചന നടത്താത്തതിൽ മുസ്ലിംലീഗ് ഇടഞ്ഞ് നിൽക്കുകയാണ്.

അതേസമയം ഇന്ന് വൈകിട്ട് ലീഗ് ജില്ലാ നേതൃയോഗം ചേരും. സമൂഹ്യ മാധ്യമത്തിൽ ദീപ്തിക്ക് പിന്തുണ നൽകി മുതിർന്ന നേതാക്കൾ രംഗത്തുവന്നു. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ വിമർശനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതൽ മേയർ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാൽ വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടുമെന്നാണ് ഒദ്യോഗിക പ്രഖ്യാപനം വന്നത്.
ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. ഡപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും.

വി കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം മേയർ സ്ഥാനം പങ്കുവച്ചകൊണ്ടുള്ള പ്രഖ്യാപനത്തിൽ ദീപ്തി പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന് ദീപ്തി പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *