തിരുവനന്തപുരം: സംസ്ഥാനത്തെ മയക്ക് മരുന്ന് മാഫിയാ സംഘത്തിന്റെ ഒടുവിലത്തെ ഇരയായ പെരുമാതുറ സ്വദേശി 17 കാരന്‍ ഇര്‍ഫാന്റെ മരണം പെരുമാതുറ തീരത്ത് അശാന്തി പടര്‍ത്തിയിരിക്കുകയാണ്. മയക്ക് മരുന്നിന്റെ അമിതമായ ഉപയോഗമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

മുതലപ്പൊഴി ഹാര്‍ബറില്‍ നിന്നും മത്സ്യവുമായി വിവിധ സംസ്ഥാനങ്ങളില്‍ പോയി തിരിച്ച് വരുന്ന വാഹനങ്ങളില്‍ പോലും മാരക മയക്ക് മരുന്ന് പെരുമതുറയിലെത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടെ നിന്നുമാണ് ജില്ലക്ക് അകത്തും പുറത്തും മയക്ക് മരുന്ന് ചില്ലറക്കച്ചവടക്കാരിലേക്ക് എത്തുന്നതെന്നതും കഠിനംകുളം പോലീസിനും എക്‌സൈസിനും വിവരം ലഭിച്ചിട്ടുണ്ട്.

മയക്ക് മരുന്ന് ഉപയോഗിച്ചതിനും ചില്ലറകച്ചവടം നടത്തിയതിനും നിരവധി പേര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ടെങ്കിലും മൊത്തക്കച്ചവടം നടത്തുന്നവർ പിടിയിലായിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പാണ് കിലോ കണക്കിന് കഞ്ചാവാണ് 2 തവണകളായി വിജനമായ സ്ഥലത്ത് നിന്നും നാട്ടുകാര്‍ കണ്ടെത്തി പോലീസിനെ ഏല്‍പ്പിച്ചത്.

ഇതിനെക്കുറിച്ച് ഇന്നും ഒരു വിവരം പോലും പുറത്ത് വന്നിട്ടില്ല. നിരവധി പേര്‍ മയക്ക് മരുന്ന് കേസില്‍പ്പെട്ട് ജയിലുകളിലാണ്. വര്‍ഷങ്ങളായി മയക്ക് മരുന്ന് കേസ്സില്‍പ്പെട്ട് വിചാരണ തടവുകാരായും ജയിലില്‍ കഴിയുന്നവരുമുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് അമിതമായി മയക്ക് മരുന്ന് കഴിച്ച് മരിച്ചെന്ന് കരുതുന്ന ഇര്‍ഫാനെ പോലെ ഒട്ടനേകം ബാല്യങ്ങാണ് ഈ തീരത്ത് മയക്ക് മരുന്നിന് അടിമപ്പെട്ട് കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *