തിരുവനന്തപുരം: ചിറയിൻകീഴിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ വീഴ്ചയുണ്ടായെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഡിഎംഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് അന്വേഷണം നടത്തുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പ്രത്യേക നിർദേശപ്രകാരമാണ് ഈ നടപടി.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ദിക്ഷലിന്റെ കുടുംബം ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കുട്ടിക്ക് കൃത്യസമയത്ത് ആന്റിവെനം ഉൾപ്പെടെയുള്ള ചികിത്സ നൽകുന്നതിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നും, അശ്രദ്ധ മൂലമാണ് കുട്ടിക്ക് ജീവൻ നഷ്ടമായതെന്നുമാണ് കുടുംബത്തിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തും. കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും മറ്റ് ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുന്നതോടൊപ്പം ദിക്ഷലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *