വിഡി സതീശനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് നേതൃത്വം. മത-സാമുദായിക സംഘടനകളെ നിലവാരം കുഞ്ഞ ഭാഷയില്‍ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചെന്നും പാര്‍ട്ടികളെ വിലയിരുത്താന്‍ സമുദായ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും എന്‍സ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. മതസാമുദായിക സംഘടനകളോടും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിലും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്.

ആവശ്യം വരുമ്പോള്‍ സംഘടനകളെ സമീപിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും എന്‍എസ്എസ് ആസ്ഥാനത്ത് സഹായം തേടിയെത്തിയിരുന്നു. താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം സഹായം തേടി. ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും എന്‍എസ്എസിനോട് സഹായം തേടിയിരുന്നു. എന്നാല്‍ ആര്‍ക്കും എതിരായ നിലപാട് എന്‍എസ്എസ് സ്വീകരിച്ചിട്ടില്ല. വോട്ടെടുപ്പ് ദിവസം എന്‍എസ്എസിന്റെ പ്രതികരണം ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു. മുന്നണികളോടും പാര്‍ട്ടികളോടും എന്‍എസ്എസ് ഒരേ നിലപാട് മാത്രമേ സ്വീകരിക്കൂ. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകയും തെറ്റായ കാര്യങ്ങളില്‍ നിലപാട് യഥാവിധി അറിയിക്കുകയും ചെയ്യുമെന്ന് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *