പള്ളുരുത്തി(കൊച്ചി): ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍സുലേറ്റഡ് വാനില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വലിയകത്ത് വീട്ടില്‍ അക്ബറിന്റെ മകന്‍ ആഷിക്കാണ് (30) മരിച്ചത്. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി തോപ്പില്‍ വീട്ടില്‍ ഷിഹാബും (39) ഇയാളുടെ ഭാര്യയും ആഷിക്കിന്റെ സുഹൃത്തുമായ ഷഹാനയും (32) പള്ളുരുത്തി പൊലീസ് അറസ്റ്റിലായി. ഇരുവരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി എട്ടോടെ ഇടക്കൊച്ചി കണ്ണങ്ങാട്ട് ഇന്ദിര ഗാന്ധി റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍സുലേറ്റഡ് വാനില്‍ രക്തംവാര്‍ന്ന് അനക്കമില്ലാതെയാണ് ഇയാളെ കണ്ടത്. വാനിനു സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആഷിക്കിന് അപകടത്തില്‍ പരിക്കേറ്റതാണെന്നാണ് യുവതി നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. പിന്നീട് സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ആഷിക്കിന്റെ കുടുംബം രംഗത്തെത്തി. തുടര്‍ന്ന് പള്ളുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.