ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പരാതിയുമായി എം കെ മുനീര്‍ എംഎല്‍എ.തന്നെ സ്വവർഗ്ഗരതി ആസ്വദിക്കുന്ന ഒരാളായി മാധ്യമങ്ങൾ ചിത്രീകരിച്ചു. ഇതിൽ ശക്തമായ അമർഷം രേഖപ്പെടുത്തുന്നു. പറഞ്ഞതിന് വിപരീതമാണ് വാർത്തയായി നൽകുന്നത്. വിപരീത അർത്ഥത്തിൽ എടുക്കുന്നത് ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു.താൻ മന്ത്രി ആയിരിക്കെയാണ് പോക്സോ നിയമം നടപ്പാക്കാൻ മുന്‍കെെ എടുത്തത്. ചൈൽഡ് റൈറ്റ്സ് കമ്മീഷൻ ആദ്യമായി നടപ്പാക്കിയതും അന്നാണ്. പോക്സോ കേസുകൾ കേരളത്തിൽ കൂടുന്നു. കേസുകളിൽ ശിക്ഷിക്കപ്പെടുന്നില്ല. ഈ ആശയമാണ് അടുത്തിടെ കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിലെ പ്രസംഗത്തില്‍ പറഞ്ഞത്.ഇതിനെ തെറ്റായി വ്യാഖ്യാനിച്ചു.ട്രോളുകളിൽ തന്നെ സ്വവർഗരതിക്കാരനായി ചിത്രീകരിക്കുന്നു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നു.ഇവിടെ ട്രാന്‍സ് ജെന്‍ഡര്‍ പോളിസി കൊണ്ട് വന്നത് ഞാനാണ്, എല്‍ജിബിടിക്യുവിന് ഞാന്‍ എതിരല്ല. ഇത്രയും ചെയ്തതിന് സര്‍ക്കാരിനോട് നന്ദിയുണ്ട്.’ ‘ബോയ് ലൗ അസോസിയേഷനുകള്‍ ലോകത്ത് സജീവമാണ്. അതുകൊണ്ടാണ് ഞാൻ പോക്‌സോ കേസുകള്‍ അപ്രസക്തമാകുന്നു എന്ന് പറഞ്ഞത്. അത് അതിന്റേതായ അര്‍ഥത്തിലല്ല മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത്. എന്റെ സ്വത്വത്തെ പോലും ഇത്തരം വ്യാജ വാര്‍ത്തകള്‍ ബാധിച്ചു. വസ്ത്രം ഒരാളുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് ധരിക്കാം. പക്ഷേ അടിച്ചേല്‍പ്പിക്കരുത്.പാഠ്യപദ്ധതി പരിഷ്‌കരണം ആവശ്യമാണ്. ലിംഗസമത്വം എന്ന ഒരു വാക്ക് മാറ്റിയത് കൊണ്ട് മാത്രം യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടാവണമെന്നില്ല. പുരോഗതിയ്ക്ക് ഞാന്‍ എതിരല്ല, എന്നാല്‍ അരാജകത്വത്തിലേക്ക് പോകുമ്പോള്‍ അഭിപ്രായങ്ങള്‍ പറയും. അത് മുസ്ലീം ആയതുകൊണ്ടല്ല, ധാര്‍മികതയുടെ വശത്തു നിന്നാണ് ഞാന്‍ സംസാരിക്കുന്നത്.ലോകത്തെ പലയിടത്തും സ്വവർഗരതി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രായപരിധി ഇല്ലാതെ ഇത് ഭാവിയിൽ അംഗീകരിക്കപ്പെടുമെന്നും മുനീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *