സിംഗപ്പൂർ: കഞ്ചാവ് കടത്ത് കേസിൽ പ്രതിയായ ഇന്ത്യൻ വംശജനെ സിംഗപ്പൂരിൽ തൂക്കിലേറ്റി. 46 കാരനായ തങ്കരാജു സുപ്പയ്യയെയാണ് വധിച്ചത്. ചാംഗി പ്രിസൺ കോപ്ലക്സിൽ ബുധനാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പായത്. തങ്കരാജുവിൻ്റെ വധശിക്ഷയിൽ ഇളവ് തേടി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗമടക്കം രംഗത്തെത്തിയിരുന്നു. ചാംഗി പ്രിസൺ കോപ്ലക്സിൽ തങ്കരാജുവിൻ്റെ വധശിക്ഷ നടപ്പിലാക്കിയതായി സിംഗപ്പൂർ പ്രിസൺസ് സർവീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോടു പ്രതികരിച്ചു.
ഒരു കിലോ (1,017.9 ഗ്രാം) കഞ്ചാവ് കടത്തിയ സംഭവത്തിൽ 2014 ലാണ് തങ്കരാജു അറസ്റ്റിലായത്. 2017 ലാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. കഞ്ചാവ് കടത്തിൻ്റെ ഗുഢാലോചനയിൽ തങ്കരാജുവിന് പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. സിംഗപ്പൂർ നിയമപ്രകാരം, വധശിക്ഷ ലഭിക്കാവുന്ന കഞ്ചാവിൻ്റെ അളവിൽ രണ്ടു മടങ്ങായിരുന്നു തങ്കരാജു ഉൾപ്പെട്ട കേസിൽ കണ്ടെത്തിയിരുന്നത്. 2018 ലാണ് തങ്കരാജുവിന് വധശിക്ഷ വിധിച്ചത്.
തങ്കരാജു നിരപരാധിയാണെന്നും വധശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ഐക്യരാഷ്ട്ര സഭ അടക്കം രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം തങ്കരാജുവിൻ്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് ശതകോടീശ്വരനും ജനീവയിലെ ഡ്രഗ് പോളിസി ഗ്ലോബൽ കമ്മീഷൻ അംഗവുമായ റിച്ചാർഡ് ബ്രാൻസൺ രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് പിടിക്കപ്പെടുന്ന സ്ഥലത്ത് തങ്കരാജു ഇല്ലായിരുന്നുവെന്നും നിരപരാധിയെയാണ് തൂക്കിലേറ്റാൻ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
