യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളുമായി മുസ്‌ലിം ലീഗ്. മന്ത്രിമാർ ഏകപക്ഷീയമായി സ്റ്റാഫിനെ നിശ്ചയിക്കുന്ന രീതി ഒഴിവാക്കണമെന്നും, താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം മാനിക്കണമെന്നുമാണ് പാർട്ടിയുടെ പുതിയ നിലപാട്. മലപ്പുറത്ത് ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നത്.

പേഴ്സണൽ സ്റ്റാഫിനെ തീരുമാനിക്കുമ്പോൾ അതത് മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും അഭിപ്രായം തേടണം. മന്ത്രിമാർ ഉപജാപക സംഘങ്ങളുടെ സ്വാധീനവലയത്തിലാകരുത്. വ്യക്തിതാൽപ്പര്യങ്ങൾക്കായി സ്റ്റാഫിനെ നിയമിക്കുന്നത് ഒഴിവാക്കണം. തിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അധ്വാനിച്ച താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് അർഹമായ പ്രാധാന്യം നൽകണം.

യുഡിഎഫ് ഫലം വരും മുൻപേ കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകൾ പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കിയെന്ന് ലീഗ് നേതൃയോഗം വിലയിരുത്തി. പുതിയ തലമുറയ്ക്കിടയിൽ ഇത്തരം വിവാദങ്ങൾ തെറ്റായ സന്ദേശം നൽകുമെന്നും കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിലെ ചർച്ചകളിൽ മുസ്‌ലിം ലീഗിന് അങ്കലാപ്പില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇത്തരം ചർച്ചകളിൽ ഇപ്പോൾ ഇടപെടേണ്ടതില്ലെന്നാണ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയും നിലപാട്. “യുഡിഎഫിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഫലം വന്ന ശേഷം ഘടകകക്ഷികളുമായി ആലോചിച്ചാകും തീരുമാനങ്ങൾ എടുക്കുക. ജനവികാരം പരിഗണിച്ചേ കോൺഗ്രസ് തീരുമാനമെടുക്കൂ,” എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *