ആരാധകരുടെ ആകാംഷകള്‍ക്ക് വിട. ‘ ഇന്ത്യന്‍ 2 ‘ വിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് ഉലകനായകന്‍ കമലഹാസന്‍. ഇന്ത്യന്‍ 2 ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമ ചെയ്യാന്‍ തന്നെയാണ് തീരുമാനമെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങി കിടക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ പുനഃരാരംഭിക്കുമെന്നും നടന്‍ വ്യക്തമാക്കി. വിക്രമിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു നടന്‍.

2019ലാണ് ‘ഇന്ത്യന്‍ 2’വിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പലകാരണങ്ങളാല്‍ തുടര്‍ന്നുള്ള ഷൂട്ടിംഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.

1996ലാണ് കമല്‍ഹാസന്‍-ശങ്കര്‍ ടീമിന്റെ ഇന്ത്യന്‍ തിയേറ്ററുകളിലെത്തിയത്. കമല്‍ ഹാസന്‍ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രം 1996-ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു. വമ്പന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *