ലൈഫ് മിഷൻ കോഴയിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം നൽകാതെ കൊച്ചിയിലെ വിചാരണ കോടതി. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന കേസിലെ പ്രതിയായ സന്തോഷ് ഈപ്പന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

ലൈഫ് മിഷൻ കേസിലെ ഒന്നാം പ്രതിയായ ശിവശങ്കർ ചികിത്സക്കായി മൂന്ന് മാസത്തേക്ക് ഇടക്കാല ജാമ്യം വേണമെന്ന ആവശ്യവുമായാണ് കോടതിയെ സമീപിച്ചത്. എന്നാൽ, ശിവശങ്കറിന് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കോടതി തള്ളിയത്. സ്ഥിരം ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഇടക്കാല ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാനായിരുന്നു നിർദേശം.സുപ്രിംകോടതിയുടെ ഈ നിർദ്ദേശം ഉൾപ്പെടുത്തിയായിരുന്നു ശിവശങ്കർ ജാമ്യ അപേക്ഷ നൽകിയത്. ലൈഫ് മിഷൻ കോഴയിടപാടുമായി തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കർ ജാമ്യ അപേക്ഷയിൽ പറയുന്നത്. സ്ഥിരം ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *