മലപ്പുറം: ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന്‍ അലിഖാന്‍ (62) ആണ് മരിച്ചത്. ഈ മാസം പതിനെട്ടിന് രാത്രിയാണ് അപകടമുണ്ടായത്.
ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു അലിഖാന്‍. അദ്ദേഹം താഴത്തെ ബെര്‍ത്തിലായിരുന്നു കിടന്നിരുന്നത്. തെലങ്കാനയിലെ വാറങ്കലില്‍ വച്ച് മുകളിലത്തെ ബെര്‍ത്ത് ദേഹത്തേക്ക് വീഴുകയായിരുന്നു. ചരിഞ്ഞുകിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റത്.
അലിഖാന്റെ കഴുത്തിലെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തു. കൂടാതെ കൈകാലുകള്‍ തളര്‍ന്നുപോയി. ട്രെയിനിലെ നടുവിലുള്ള ബെര്‍ത്താണ് പൊട്ടിവീണത്. അപകട വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ തന്നെയാണ് അലിഖാനെ വാറങ്കിലെ ആശുപത്രിയിലെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.