കൊച്ചി: സിഎംആർഎൽ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണക്കെതിരായ കൂടുതൽ നിർണായക തെളിവുകൾ ഇഡിക്ക് ലഭിച്ചു. ഇൻവോയ്‌സ്‌ ഇല്ലാതെ വീണ സിഎംആർഎല്ലിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റി. 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 45 ലക്ഷം രൂപയാണ് വീണ കൈപ്പറ്റിയത്.

വീണയുടെ പങ്കാളിത്തമുള്ള കമ്പനിയായ ലേക്‌ ഇന്ത്യ കോർപ്പറേഷനെ കേന്ദ്രീകരിച്ചും ഇഡി കൂടുതൽ അന്വേഷണം വ്യാപിപ്പിച്ചു. ഈ കമ്പനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 15.5 ലക്ഷം രൂപ ഇഡി മരവിപ്പിച്ചിരുന്നു. സിഎംആർഎല്ലിൻ്റെ തട്ടിപ്പ് രീതിയും ഇഡിയുടെ റിപ്പോർട്ടിലുണ്ട്.

ചരക്ക് നീക്കത്തിൻ്റെ ചിലവെന്ന പേരിൽ ട്രാൻസ്പോർട്ടർമാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറും. പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് സിഎംആർഎല്ലിൻ്റെ ഉന്നത ഉദ്യോഗസ്ഥർക്ക് തിരികെ നൽകും. ഇതിന് ട്രാൻസ്പോർട്ടർമാർക്ക് ലഭിക്കുക ഏഴ് ശതമാനം കമ്മീഷനാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ട്രാൻസ്പോർട്ടർമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രധാനപ്പെട്ട വിവരങ്ങൾ ഇഡിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *