കൊച്ചി: ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ നാളെ വിളിച്ചുചേര്‍ത്ത താരസംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു. സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉള്ളതുകൊണ്ടാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അമ്മയുടെ മറ്റ് ഭാരവാഹികള്‍ അറിയിച്ചു.

ചെന്നൈയിലുള്ള മോഹന്‍ലാല്‍ നാളത്തെ എക്സിക്യുട്ടീവ് യോഗത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ഈയാഴ്ച തന്നെ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുക, ഒപ്പം ഇപ്പോഴത്തെ പ്രതിസന്ധികളെ പറ്റിയുള്ള വിശദമായ ചര്‍ച്ചകളുമായിരുന്നു നാളത്തെ യോഗത്തിന്റെ അജണ്ട. ചില അംഗങ്ങള്‍ക്കു നേരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ എക്‌സിക്യൂട്ടീവില്‍ തന്നെ ഭിന്നത ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *