ആലപ്പുഴ: 70ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്തംബര്‍ 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉദ്ഘാടനം നടക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാനമന്ത്രിമാര്‍, ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവരും പങ്കെടുക്കും. നെഹ്റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍.

ഓഗസ്റ്റ് 10-ന് നടത്താനിരുന്ന വള്ളംകളി മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 28 ലേക്ക് മാറ്റുകയായിരുന്നു. സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളും സാംസ്‌കാരിക ഘോഷയാത്രയും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി സംഘടിപ്പിക്കാറുള്ള വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി.

വള്ളംകളിയുടെ ഇത്തവണത്തെ ടൈറ്റില്‍ സ്‌പോണ്‍സര്‍ റോയല്‍ എന്‍ഫീല്‍ഡാണ്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. അഞ്ചു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയും ബാങ്ക് ഓഫ് ബറോഡ, എസ് ബി ഐ എന്നീ ബാങ്കുകളിലൂടെ ഓണ്‍ലൈനായും ടിക്കറ്റ് വില്‍പന പുരോഗമിക്കുന്നു. നിരവധി സ്‌പോണ്‍സര്‍മാരും വള്ളംകളി നടത്തിപ്പുമായി സഹകരിക്കുന്നുണ്ട്.

ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ ഗ്രേഡ്-4, ഇരുട്ടുകുത്തി ബി ഗ്രേഡ്-16, ഇരുട്ടുകുത്തി സി ഗ്രേഡ്-14, വെപ്പ് എ ഗ്രേഡ്-7, വെപ്പ് ബി ഗ്രേഡ്-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *