ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ബിജുവിന്റെ കുടുംബത്തിന് എല്ലാ സർക്കാർ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്നും, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശവാസികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ നിലവിൽ നടന്നുവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിൽ എല്ലാവരുടെയും കൂട്ടായ ശ്രമഫലമായാണ് ഒരാളെ രക്ഷിക്കാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിക്കുന്നത് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന് എൻഎച്ച്എഐക്ക് നിർദേശം നൽകിയിട്ടുണ്ട്.

ദേശീയപാത നിർമ്മാണം നടത്തുമ്പോൾ ഉണ്ടാകുന്ന വിഷയങ്ങളെക്കുറിച്ച് പഠനം നടത്താൻ എല്ലാ വകുപ്പുകളുടെയും സഹായത്തോടെ ഒരു സംഘത്തെ നിയോഗിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പഠനത്തിൻ്റെ പശ്ചാത്തലത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും, ഇനിയും ഇത്തരം അപകടങ്ങൾ ഇല്ലാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *