പാലക്കാട്: ചിറ്റൂര്‍ റേഞ്ചില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തി. കാക്കനാട് ലാബില്‍ നിന്നും പുറത്തു വന്ന റിപ്പോര്‍ട്ടിലാണ് ചുമ മരുന്നില്‍ ഉള്‍പ്പെടുത്തുന്ന ബനാട്രില്‍ എന്ന രാസപദാര്‍ത്ഥമുണ്ടെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂര്‍ റേഞ്ച് ഗ്രൂപ്പ് നമ്പര്‍ 9ലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളില്‍ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്.
രണ്ടു ഷാപ്പുകളും ഒരേ ലൈസന്‍സിയുടേതാണ്. ലൈസന്‍സിക്കും രണ്ടും വിതരണക്കാര്‍ക്കുമെതിരെ എക്‌സൈസ് കേസെടുത്തു. കള്ളിന്റെ വീര്യം കൂടാനാണ് കഫ് സിറപ്പ് ചേര്‍ക്കുന്നതെന്നാണ് നിഗമനം.
കാലാവധി കഴിഞ്ഞ കഫ് സിറപ്പുകളായിരിക്കാം കള്ളില്‍ കലര്‍ത്തിയിരിക്കുകയെന്നാണ് എക്‌സൈസിന്റെ നിഗമനം. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ കള്ള് ഷാപ്പുകളില്‍ വ്യാപകമായി അന്വേഷണം നടത്താനാണ് എക്‌സൈസിന്റെ നീക്കം.