നിലമ്പൂര്‍: എടക്കര മൂത്തേടത്ത് ജനവാസ കേന്ദ്രത്തില്‍ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന ചരിഞ്ഞു. കസേര കൊമ്പന്‍ എന്നു വിളിക്കുന്ന ആന സെപ്റ്റിക് ടാങ്കിന്റെ കുഴിയില്‍ വീണാണ് ചരിഞ്ഞത്.
ഖാദര്‍ എന്ന വ്യക്തിയുടെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള സെപ്റ്റിക് ടാങ്കിലാണ് ആന വീണത്. പടുക്ക സ്റ്റേഷന്‍ പരിധിയിലെ ന്യൂ അമരമ്പലം റിസര്‍വ് വനമേഖലയില്‍ നിന്നും 20 മീറ്റര്‍ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
ആനയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന് വനംവകുപ്പ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
കസേര പോലെയുള്ള കൊമ്പുള്ളതിനാലാണ് ആനയെ കസേരക്കൊമ്പന്‍ എന്നു വിളിച്ചിരുന്നത്. ജനവാസ കേന്ദ്രങ്ങളില്‍നിന്ന് പിന്‍മാറാത്ത കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്തണമെന്ന നാട്ടുകാര്‍ ആവശ്യങ്ങള്‍ക്കിടെയാണ് സംഭവം.