വിശുദ്ധ ഹജ്ജ് കര്‍മത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ അറഫാ സംഗമം ഇന്ന്. രാവിലെ മുതൽ ഹാജിമാർ അറഫയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.അറഫയിലെ മസ്ജിദു നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക.150ലേറെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 20 ലക്ഷത്തിലേറെ ഹാജിമാര്‍ അറഫയില്‍ സംഗമിക്കും. 17 ലക്ഷത്തോളമുള്ള വിദേശികളിൽ തിനൊന്നായിരത്തിലേറെ മലയാളി ഹാജിമാരടക്കം ഒന്നേമുക്കാല്‍ ലക്ഷ്യം ഇന്ത്യന്‍ ഹാജിമാർ അറഫയിലെത്തിയിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദ് നബി തന്റെ ഹജ്ജ് വേളയില്‍ നടത്തിയ വിടവാങ്ങല്‍ പ്രഭാഷണം അനുസ്മരിച്ച് ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദാണ് ഇത്തവണ അറഫാ പ്രഭാഷണം നടത്തുക. അറഫയിലെ നമിറാ മസ്ജിദില്‍ വെച്ചാകും ഇത്. 4 ലക്ഷം ഹാജിമാര്‍ക്ക് പള്ളിയില്‍ പ്രഭാഷണം കേൾക്കാൻ സൗകര്യമുണ്ട്. ബാക്കിയുള്ള 16 ലക്ഷം പേര്‍ പള്ളിക്ക് പൂറത്തുള്ള അറഫാ മൈതാനിയിലെ വിവിധ ടെന്റുകളിലും, കാരുണ്യത്തിന്റെ പര്‍വതം എന്നര്‍ഥമുള്ള ജബലു റഹ്മ കുന്നിന് താഴെയുമിരുന്ന് അറഫാ പ്രഭാഷണത്തിന് കാതോര്‍ക്കും. പിന്നാലെ ളുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഒന്നിച്ചു നിര്‍വഹിക്കും. ഇതിന് ശേഷം സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ പാപമോചന പ്രാര്‍ഥനകളോടെ കഴിഞ്ഞു കൂടും. സൂര്യാസ്തമയത്തിന് പിന്നാലെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് നീങ്ങും. ഇവിടെയാണ് ഇന്ന് രാത്രി കഴിയുക. ബാക്കി കര്‍മങ്ങള്‍ ബുധനാഴ്ച നടക്കും.

ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും എത്തിയ രണ്ട് ദശലക്ഷത്തോളം തീര്‍ത്ഥാടകരാണ് മിനയിലെ കൂടാര നഗരത്തില്‍ ഇന്നലെ ഒത്തുകൂടിയത്. ഞായറാഴ്ച മക്കയിലെത്തിയ തീര്‍ഥാടകര്‍ ഹജ്ജിന്റെ നിര്‍ബന്ധ കര്‍മ്മങ്ങളിലൊന്നായ തവാഫ് അല്‍-ഖുദും (തവാഫ് ഓഫ് അറൈവല്‍) നിര്‍വഹിച്ച ശേഷമാണ് വിശാലമായ കൂടാര നഗരമായ മിനയിലേക്ക് പോയത്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ മഹത്തായ പാരമ്പര്യം പുനസ്ഥാപിച്ചുകൊണ്ട് തീര്‍ത്ഥാടകര്‍ തര്‍വിയ്യ ദിനം എന്നറിയപ്പെടുന്ന തിങ്കളാഴ്ച പകലും രാത്രിയും മിനായില്‍ ചെലവഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *