കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനെയും മകളെയും മർദിച്ച കേസിൽ പ്രതികളെ വീണ്ടും ന്യായീകരിച്ച് സിഐടിയു. കെഎസ്ആർടിസി ജീവനക്കാർ പ്രേമനനെ മർദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

പൊലീസിനെ ഏൽപ്പിക്കാൻ ഉന്തി തള്ളി കൊണ്ടുപോവുക മാത്രമാണ് തൊഴിലാളികൾ ചെയ്തത്. ഇല്ലാത്ത കാര്യം തൊഴിലാളികളുടെ മേൽ വച്ച് കെട്ടാൻ സമ്മതിക്കില്ലെന്നും ആനത്തലവട്ടം ആനന്ദൻ ട്വന്റിഫോറിനോട് പറഞ്ഞു. പ്രതികളുടെ മേൽ മുൻപ് ഒരു പെറ്റി കേസ് പോലും ഇല്ലെന്നും പരാതിക്കാരൻ സ്ഥിരം പ്രശ്‌നക്കാരൻ ആണെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

അതേസമയം പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും പൊലീസിന് വീഴ്ചയുണ്ടായതായി പറയാൻ പറ്റില്ലെന്നായിരുന്നു ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. കെഎസ്ആർടിസി മാനേജ്മെന്റ് പ്രതികളെ ആദ്യമേ സസ്പെൻഡ് ചെയ്തു. അച്ചടക്ക നടപടിയെടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ട്. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുക എളുപ്പമല്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *