പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ട സുധാകരന്റെ ശരീരത്തില്‍ ആഴത്തിലുള്ള 6 മുറിവുകളും സുധാകരന്റെ അമ്മയായ ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും കണ്ടെത്തി.
ഇതോടെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ചെന്താമര ആക്രമണം നടത്തിയതെന്ന് ഉറപ്പായതായി പൊലീസ് വെളിപ്പെടുത്തി.

അതേ സമയം, കൊലപാതകത്തില്‍ അന്വേഷണ സംഘം പ്രതി ചെന്താമരയുടെ തറവാട് വീടിന് സമീപത്തെ കുളത്തില്‍ തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചു. പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നായ എത്തി നിന്നത് ഈ കുളത്തിനടുത്താണ്. ഇതേ തുടര്‍ന്നാണ് കുളത്തില്‍ തിരച്ചില്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനം എടുത്തിരിക്കുന്നത്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാവും തിരച്ചില്‍ നടത്തുക.

പ്രതിയായ ചെന്താമരയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കൃത്യത്തിനുശേഷം പ്രതി ഒളിവില്‍ പോയെന്ന് കരുതുന്ന വനത്തിനുള്ളില്‍ ഇന്നും വ്യാപക തിരച്ചില്‍ നടത്തും. വിവിധ സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നെങ്കിലും ചെന്താമരയെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിന് പോയ പൊലീസ് സംഘം തമിഴ്‌നാട്ടില്‍ നിന്ന് മടങ്ങി. തിരുപ്പൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.

തിങ്കളാഴ്ച രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 ല്‍ സുധാകരന്റെ ഭാര്യയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഇതിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലില്‍ കഴിയുന്നതിനിടെ 2022 ല്‍ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുതെന്നായിരുന്നു ഉപാധി. 2023 ല്‍ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ഇളവ് ചുരുക്കി. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചത്.

ചെന്താമരയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു. ഇനി പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരില്‍ പോയ ചെന്താമര ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. അത് പൊലീസ് അറിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *