ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ മാനദണ്ഡങ്ങൾ പുറത്തുവിട്ട് ഐ.സി.സി. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ്‌ മത്സരം സമനിലയിലോ ടൈയിലോ കലാശിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുമെന്നതാണ് പ്രധാന പ്ലേയിങ് കണ്ടീഷൻ. ഇതുസംബന്ധിച്ച് നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും ഐ.സി.സിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണ് പുറത്തുവന്നത്.

ഫൈനലിന് റിസർവ് ദിനവും ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസം നീളുന്ന ടെസ്റ്റിന്റെ സാധാരണ ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ സമയം നഷ്ടമാകുകയാണെങ്കിൽ അത് പരിഹരിക്കാൻ ആണ് റിസർവ് ദിനം പ്രഖ്യാപിച്ചിട്ടുള്ളത്.

അഞ്ച് ദിവസത്തിനുള്ളിൽ ഒരു ടീമിനും വിജയം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ പിന്നീട് അധിക ദിവസം ഉപയോഗിക്കില്ല. മത്സരം സമനിലയായി പരിഗണിക്കുമെന്നും ഇരുടീമുകളെയും സംയുക ജേതാക്കളായി പ്രഖ്യാപിക്കുമെന്നും ഐ.സി.സി അറിയിച്ചു.

ജൂൺ 18ന് സതാംപ്ടണിൽ വെച്ചാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള കലാശപ്പോരാട്ടം. ജൂൺ 22 വരെയാണ് ഔദ്യോഗിക ടെസ്റ്റ് ദിവസമെങ്കിലും ഏതെങ്കിലും തരത്തിൽ സമയനഷ്ടമുണ്ടായാൽ റിസർവ് ഡേ ആയ 23ന് കളി തുടരും.

Leave a Reply

Your email address will not be published. Required fields are marked *