കോവിഡ് രണ്ടാംതരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയപ്പോഴും രോഗവ്യാപനത്തിന് തടയിട്ട് ധാരാവി. കോവിഡിന്റെ ആദ്യ തരംഗത്തെ പ്രതിരോധിക്കാനായി നടപ്പിലാക്കിയ ധാരാവി മോഡലിലൂടെയാണ് രണ്ടാം തരംഗത്തെയും ധാരാവി പിടിച്ചു നിർത്തിയത്. രോഗവ്യാപനം രൂക്ഷമായ ഏപ്രിൽ മാസം പ്രതിദിനം 99 കേസുകൾ റിപ്പോർട്ട് ചെയ്ത ധാരാവിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തത് യഥാക്രമം മൂന്നും നാലും കോവിഡ് കേസുകൾ.

ഇപ്പോൾ ധാരാവിയിൽ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത് വെറും 50 പേർ മാത്രമാണ്. 6802 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 6398 പേരും രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴാണ് ജനം തിങ്ങിപാർക്കുന്ന ധാരാവി രോഗവ്യാപനത്തെ പിടിച്ചു നിർത്തിയിരിക്കുന്നത്. ട്രേസിംഗ്, ട്രാക്കിംഗ്, ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നിങ്ങനെ നാലു’ടി’ കൾ ചേർന്ന ധാരാവി മോഡലിലൂടെയാണ് രോഗവ്യാപനത്തിന് തടയിടാൻ കഴിഞ്ഞതെന്ന് അധികൃതർ പറയുന്നു.

രോഗലക്ഷണങ്ങളുളള വ്യക്തികളുടെ വീടുകൾ തോറുമുളള പരിശോധന, ധാരാവിയിലുളള മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്യുക, ധാരാവിയിലെ താമസക്കാരെ പതിവായി പരിശോധിക്കുക, ഒപ്പം ഡെലിവറി തൊഴിലാളികൾ, വ്യാവസായിക തൊഴിലാളികൾ എന്നിവരെ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങൾ കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹായിച്ചതായും അധികൃതർ വ്യക്തമാക്കി.കോവിഡ് രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ധാരാവിയിൽ ജാഗ്രത കർശനമാക്കിയെന്നും കോവിഡിന്റെ ആദ്യ തംരഗത്തിൽ നടപ്പിലാക്കി വിജയിച്ച ധാരാവി മോഡൽ വീണ്ടും നടപ്പാക്കാൻ തീരുമാനിച്ചെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം സ്വകാര്യ ഡോക്ടർമാരുടേയും കമ്യൂണിറ്റിയുടേയും പിന്തുണയോടെയാണ് കോവിഡ് കേസുകൾ വരുതിയിലാക്കാൻ പ്രാദേശിക ഭരണകൂടത്തിന് സാധിച്ചത്. ശുചിത്വം ഉറപ്പാക്കിയും ജാഗ്രത കർശനമാക്കിയും ആഹോരാത്രം പ്രയ്തനിച്ചാണ് കോവിഡിനെ ധാരാവി വരുതിയിലാക്കിയത്. രോഗവ്യാപനം കുറഞ്ഞെങ്കിലും ജാഗ്രതയിൽ കുറവു വരുത്തേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികളും അധികൃതർ ആരംഭിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *