കോട്ടയം മറ്റക്കരയിലെ 40കാരൻ രതീഷ് മാധവന്‍റെ കൊലപാതകത്തിൽ വൻ വഴിത്തിരിവ്. രതീഷിന്‍റെ ഭാര്യ മഞ്ജു കൂടി അറിഞ്ഞുകൊണ്ടാണ് കാമുകൻ ശ്രീജിത്ത് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. മഞ്ജുവിനെയും അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു മറ്റക്കര സ്വദേശി രതീഷിനെ ശ്രീജിത്ത് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രതീഷിന്റെ ഭാര്യ മഞ്ജുവിന് കേസിലുള്ള പങ്ക് വ്യക്തമായത്. മഞ്ജുവും ശ്രീജിത്തും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതെച്ചൊല്ലി രതീഷ്, ശ്രീജിത്തുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. കൊലപാതകം നടന്ന ഞായറാഴ്ച ഒരു മരണവീട്ടിൽ വച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടി. രതീഷിനെ എനിക്ക് ഇഷ്ടപ്പെടുന്നില്ല, ഇവനെ എന്ത് ചെയ്യണമെന്ന് വിദേശത്ത് ജോലി ചെയ്യുകയായിരുന്ന മഞ്ജുവിന് ശ്രീജിത്ത് വാട്സ് ആപ്പിൽ മെസേജ് അയച്ചു. എന്ത് വേണമെങ്കിലും ചെയ്തോ എന്നായിരുന്നു മഞ്ജുവിന്‍റെ മറുപടി.ഇതോടെയാണ് രതീഷിനെ കൊല്ലാൻ ശ്രീജിത്ത് തീരുമാനിച്ചത്. കൊലപാതകം നടത്തിയ കാര്യവും വാട്സ് ആപ്പ് വഴി മഞ്ജുവിനെ അറിയിച്ചിരുന്നു. രതീഷിന്‍റെ സംസ്കാരത്തിൽ പങ്കെടുക്കാനായി മഞ്ജു വിദേശത്തുനിന്ന് എത്തിയിരുന്നു. മഞ്ജുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീജിത്ത് അറസ്റ്റിലായതറിയാതെ മഞ്ജു അയച്ച ചില മെസേജുകളും കേസിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ സഹായിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *