ചത്തീസ്ഗഢ്: ഹരിയാനയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. 100 സീറ്റുകളിലേക്ക് മത്സരിച്ച ബിജെപിക്ക് വെറും 22 സീറ്റുകളിലാണ് ജയിക്കാനായത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയുടെ സഖ്യക്ഷിയായ ജെജെപിയും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചില്ല. പാർട്ടി പിന്തുണച്ച 150 ഓളം സ്ഥാനാർത്ഥികൾ വിജയിച്ചതായി ബിജെപി അവകാശപ്പെട്ടു. ആദംപുരിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഭവ്യ ബിഷ്‌ണോയ് 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞടുപ്പിൽ മുന്നേറാൻ പാർട്ടിക്ക് സാധിച്ചില്ല. ആഭ്യന്തര മന്ത്രി അനിൽ വിജിന്റെ ജില്ലയായ ആംബാലയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 15 സീറ്റിൽ രണ്ട് സീറ്റ് മാത്രമാണ് ഇവിടെ ജയിക്കാനായത്. പതിനഞ്ച് ജില്ലകളിലായി പാർട്ടി പിന്തുണയോടെ 151 സ്ഥാനാർത്ഥികൾ വിജയിച്ചെന്നും 126 സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ബിജെപി പിന്തുണ നൽകിയിരുന്നെന്നും പാർട്ടി വക്താവ് സഞ്ജയ് ശർമ്മ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മികച്ച നേട്ടമാണ് നേടിയത്. സിർസയിൽ ആറിടത്തും ആംബാലയിൽ മൂന്നിടത്തും എഎപി വിജയിച്ചു. ഇതിനുപുറമെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാർട്ടി ഹരിയാനയിൽ പ്രചാരണം ആരംഭിച്ചു. പ്രചരണത്തിനായി അരവിന്ദ് കെജ്‌രിവാളും ഹരിയാനയിൽ എത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ ലോക് ദളിന് പത്ത് സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞു. 143 പഞ്ചായത്ത് സമിതികളിലേക്കും 22 സില പരിഷത്തുകളിലേക്കും മൂന്ന് ഘട്ടമായാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *