കൊച്ചി: എക്‌സാലോജിക് ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍ ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സാധാരണ മൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മറുപടി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഒരു കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. മാസപ്പടി കേസില്‍ അന്വേഷണം കൃത്യമായി നടന്നില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും.

വിവാദ കമ്പനികളില്‍ നിന്നും എക്‌സാലോജിക്കിന്റെ ആരോപിക്കപ്പെട്ട അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. അത്തരത്തില്‍ അക്കൗണ്ട് ഉണ്ടാവുകയും പണം വരികയും ചെയ്തിട്ടുണ്ടെങ്കില്‍ ഗുരുതരമായ കാര്യമാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു. ആരോപണം തെറ്റെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കില്‍ ആരോപണം ശരിയാണെന്ന് വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *