കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇ ഡി ക്ക് മുന്നിൽ ഹാജരാകുന്നതിന് തൊട്ട് മുൻപായിരുന്നു കൂടിക്കാഴ്ച. തൃശ്ശൂരിലെ രാമനിലയത്തില്‍വെച്ചായിരുന്നു സി.പി.ഐ.എം. സംസ്ഥാന സമിതിയംഗം കൂടിയായ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടത്. സര്‍ക്കാരിന്റെ മേഖലാ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂരിലെത്തിയതായിരുന്നു മുഖ്യമന്ത്രി.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡി രണ്ടാം തവണയാണ് എം കെ കണ്ണനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, എം.കെ. കണ്ണന്‍ ഇ.ഡി. കേസുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി എടുത്തുപറഞ്ഞിരുന്നു.

കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനെ നേരത്തെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ മുമ്പ് ഇ.ഡി.റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആദ്യം ചോദ്യം ചെയ്തത്.

കരുവന്നൂര്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ പി. സതീഷ് കുമാര്‍ വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം മറ്റു നാല് സഹകരണ ബാങ്കുകള്‍ വഴി പുറത്തേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടായിരുന്നു തൃശൂര്‍ സഹകരണ ബാങ്കിലടക്കമുള്ള റെയ്ഡ്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ പ്രധാനപ്പെട്ട രണ്ടാമത്തെ നേതാവിനെയാണ് ഇ.ഡി.ചോദ്യം ചെയ്യുന്നത്. പ്രാദേശിക നേതാക്കളെ കൂടാതെ നേരത്തെ മുന്‍ മന്ത്രി എ.സി.മൊയ്തീനെയും ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *