എറണാകുളം കളമശേരിയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയ്ക്ക് ഇന്ന് ഒരു വർഷം തികയുന്നു. യഹോവയുടെ സാക്ഷികൾ എന്ന ക്രൈസ്തവ വിഭാഗത്തോടുളള എതിർപ്പാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് കേസിലെ ഏക പ്രതി മാർട്ടിൻ ആവർത്തിക്കുന്നത്. കുറ്റപത്രം നൽകിയെങ്കിലും യുഎപിഎ ചുമത്തി വിചാരണ നടത്തുന്നതിന് പ്രോസിക്യഷന് അനുമതി കിട്ടിയില്ല. കളമശ്ശേരി സ്ഫോടനത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്ന് ഇടുക്കി കാളിയാർ സ്വദേശി ഗ്രേസി ഡോളി.സാമ്റ കൺവെൻഷൻ സെന്‍ററിൽ സുഹൃത്തുക്കൾക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കുമ്പോഴായിരുന്നു സ്ഫോടനം. ശരീരമാസകലം പൊള്ളലേറ്റ ഗ്രേസിക്ക് ഇപ്പോഴും ജോലി ചെയ്ത് ജീവിക്കാനാകുന്നില്ല. ആ ദിവസത്തെ ഓര്‍മ്മകള്‍ ഇപ്പോഴും ഗ്രേസിക്ക് പേടിയാണ്. കൂടെയുണ്ടായിരുന്ന ഗ്രേസിയുടെ എട്ടു സുഹൃത്തുക്കളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഗ്രേസി ഇപ്പോഴും ഞെട്ടലോടെയാണ് ഓര്‍ത്തെടുക്കുന്നത്. മുകളിൽ നിന്ന് ഒരു ശബ്ദം കേട്ടു. ഒരു വശം മുഴുവൻ പൊള്ളലേറ്റു. കൂട്ടുകാര്‍ എട്ടുപേരാണ് മരിച്ചത്. അതൊക്കെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമമാണ്. ജോലിയൊന്നും ചെയ്യാൻ കഴിയുന്നില്ല. പൊള്ളലേറ്റ കൈയിലെ വിരലുകളൊന്നും മടങ്ങില്ല. മരിച്ചവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിനൊപ്പം തന്നെ ജീവിച്ചിരിക്കുന്നവര്‍ക്കാണ് എന്തെങ്കിലും നല്‍കണം. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തന്നെ ബുദ്ധിമുട്ടാണെന്നും ഗ്രേസി പറയുന്നു.കൂലിപ്പണിയെടുത്താണ് ഗ്രേസിയും ഭർത്താവും ജീവിക്കുന്നത്. പൊള്ളിയടർന്ന കൈകൊണ്ട് ഒരു ഗ്ലാസ് വെള്ളം പോലും ഇപ്പോൾ എടുക്കാനാവുന്നില്ല. സഹോദരിക്കൊപ്പമാണ് ഗ്രേസി ഇപ്പോള്‍ താമസിക്കുന്നത്. ആശുപത്രി ചിലവുകള്‍ സര്‍ക്കാര്‍ വഹിച്ചെങ്കിലും പണിയെടുത്ത് ജീവിക്കാൻ ഇനിയും ചികിത്സ വേണം. അതിന് സർക്കാർ തന്നെ കനിയണം. നഷ്ടപരിഹാരം എല്ലാം നൽകിക്കഴിഞ്ഞുവെന്ന് അധികൃതർ പറയുമ്പോഴും കൈത്താങ്ങ് വേണ്ടവർ ഗ്രേസിയെപോലെ ഒരുപാട് പേരുണ്ട്.
