പതിനാറാം ഐ പി എൽ സീസൺ കിരീട നേട്ടത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി ചെന്നൈ ടീമിന്റെ വിജയാഘോഷം. ടീമിന്റെ വിജയ ശില്പിയായ രവീന്ദ്ര ജഡേജയെ എടുത്തുയർത്തിയാണ് ക്യാപ്റ്റൻ ധോണി ആഹ്ലാദം പങ്ക് വെച്ചത്. പതിവിന് വിപരീതമായ വിജയാഘോഷങ്ങളിൽ പങ്കെടുക്കുന്ന തങ്ങളുടെ ക്യാപ്റ്റനെ കണ്ടതിന്റെ സന്തോഷത്തിലാണ് ചെന്നൈ ആരാധകർ.

അവസാന ഓവറുകളിൽ ഡഗൗട്ടില്‍ കണ്ണടച്ച് ഇരിക്കുകയായിരുന്ന ധോണി, ജഡേജയുടെ ബാറ്റിൽ നിന്ന് വിജയ റൺ സ്കോർ ബോർഡിൽ തെളിഞ്ഞതിന് ശേഷം മാത്രമാണ് കണ്ണ് തുറന്നത്. നിമിഷങ്ങള്‍ക്ക് ശേഷം ചിരിച്ചുകൊണ്ട് ജഡേജയുടെ സമീപത്തേക്കെത്തിയ ധോണി ടീമിന്റെ വിജയശില്‍പിയെ എടുത്തുയര്‍ത്തി.

മഴ മൂലം പതിനഞ്ച്‌ ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഗുജറാത്തിനെതിരായ 171 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ചെന്നൈ മറികടന്നത്. അവസാന ഓവറുകളിൽ ജയിക്കാൻ 10 റൺസ് വേണ്ടിയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്, മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്‌സും ഫോറുമടിച്ചുകൊണ്ട് രവീന്ദ്ര ജഡേജ വിജയമൊരുക്കി. മറുവശത്ത് സ്വന്തം ഗ്രൗണ്ടില്‍ ഹാര്‍ദിക്കും സംഘവും കണ്ണീരോടെ മടങ്ങി. ഈ കിരീടനേട്ടത്തോടെ ഏറ്റവുമധികം ഐ.പി.എല്‍ കിരീടം നേടുന്ന ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം ധോനിയും സംഘവുമെത്തി.

അതേസമയം കിരീടം ഏറ്റുവാങ്ങുന്നത് ക്യാപ്റ്റന്മാരാണെന്ന കീഴ്വഴക്കം ഇത്തവണ ധോണി തെറ്റിച്ചു. പകരം തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ച സഹതാരങ്ങളെ അദ്ദേഹം കിരീടം ഏറ്റുവാങ്ങാന്‍ ക്ഷണിച്ചു. തുടര്‍ന്ന് കിരീടം നല്‍കുന്ന സമയത്ത് ഒരു വശത്തേക്ക് മാറി നിന്ന ധോനി സഹതാരങ്ങളായ ജഡേജയോടും റായിഡുവിനോടും അത് ഏറ്റുവാങ്ങാന്‍ പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *